High Protein Breakfast Special Ragi Smoothie Recipe : മനസ്സും വയറും നിറയാൻ സ്വാദിഷ്ടമായ റാഗി സ്മൂത്തി. കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിൻ എ തുടങ്ങി ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് റാഗി. ആരോഗ്യപ്രദമായ ഡ്രിങ്കാണ് ഈ ചൂടത്ത് നമുക്ക് ആവശ്യം. ചെറിയ കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കാൻ പറ്റിയ ധാന്യമാണിത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരുപോലെ ആരോഗ്യപ്രദമാണ്. പ്രമേഹ രോഗികൾക്കും ഇത് ഉത്തമമാണ്.
പലവിധത്തിലും റാഗി തയ്യാറാക്കാം എന്നാൽ റാഗി കൊണ്ട് ഒരു സ്മൂത്തി ആയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ സ്മൂത്തിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ റാഗി പൊടിയാണ് നമ്മൾ എടുക്കുന്നത്. ഇത് നമുക്ക് ഒരു ബൗളിലേക്ക് ചേർക്കാം. റാഗി മുഴുവനോടെയാണ് നിങ്ങളുടെ കയ്യിൽ ഉള്ളതെങ്കിൽ അത് നന്നായി കുതിർത്തെടുത്ത് ഒട്ടും തരിയില്ലാതെ അരച്ചെടുത്താലും മതിയാകും. ശേഷം എടുത്തു വച്ചിരിക്കുന്ന പൊടിയിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് കൊടുത്ത് ഒട്ടും കട്ടകളില്ലാതെ മിക്സ് ചെയ്തെടുക്കണം. ഇവിടെ നമ്മൾ രണ്ട് പേർക്കുള്ള സ്മൂത്തി തയ്യാറാക്കുന്നത് കൊണ്ടാണ് രണ്ട് ടേബിൾ സ്പൂൺ റാഗിപ്പൊടി എടുത്തിരിക്കുന്നത്. ആളുകളുടെ എണ്ണത്തിനനുസരിച്ച് പൊടിയിൽ വ്യത്യാസം വരുത്താവുന്നതാണ്.
വെള്ളത്തിൽ നല്ലപോലെ മിക്സ് ചെയ്തെടുത്ത റാഗിപ്പൊടി നമുക്ക് മാറ്റി വെക്കാം. അടുത്തതായി ഒരു പാനിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് അത് നന്നായി തിളപ്പിച്ചെടുക്കണം. വെള്ളം നല്ലപോലെ തിളച്ച് വരുമ്പോൾ ഇതിലേക്ക് ഒരു കഷണം കറുവപ്പട്ട ചേർത്തു കൊടുക്കണം. സ്മൂത്തിക്ക് ഒരു പ്രത്യേക ഫ്ലേവർ ലഭിക്കുന്നതിന് ഇത് സഹായിക്കും. തിളച്ച് കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച റാഗിയുടെ മിക്സ് നന്നായി ഇളക്കിയ ശേഷം ചേർത്തു കൊടുക്കണം. ഇത് നന്നായി ഇളക്കി കൊടുത്തില്ലെങ്കിൽ റാഗി പാത്രത്തിനടിയിൽ പോയി തങ്ങി നിൽക്കും. മീഡിയം തീയിൽ വെച്ച് നല്ലപോലെ ഇളക്കി കൊടുത്ത് റാഗി വേവിച്ചെടുക്കണം. ഇത് അടിയിൽ പിടിക്കാനുള്ള സാധ്യതയുള്ളത് കൊണ്ട് തന്നെ കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം.
റാഗി നല്ലപോലെ കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇത് തണുത്ത് വരുമ്പോൾ ഒന്നുകൂടെ കുറുകി വരും. അതുകൊണ്ട് തന്നെ പാകമായ പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. റാഗി നല്ലപോലെ തണുത്ത് വരുമ്പോൾ ഇത് ഒരു മിക്സിയുടെ വലിയ ജാറിലേക്ക് ഒഴിച്ച് കൊടുക്കണം. ശേഷം ഇതിലേക്ക് ആറ് കുതിർത്തെടുത്ത ഈത്തപ്പഴവും ഒരു കപ്പ് പഴുത്ത പപ്പായ കഷണങ്ങളാക്കി മുറിച്ചെടുത്തതും ഏഴ് അണ്ടിപ്പരിപ്പും കൂടെ ചേർത്ത് നല്ലപോലെ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കണം. ഇതിലേക്ക് ആപ്പിളും ബദാമുമൊക്കെ ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഈ റാഗി സ്മൂത്തി ദിവസേന നിങ്ങളും ശീലമാക്കൂ. High Protein Breakfast Special Ragi Smoothie Recipe Video Credit : Suresh Raghu