How To Store Raw Jackfruit Tip : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചചക്ക ഉപയോഗിച്ച് പുഴുക്കും വറവലുമെല്ലാം ഉണ്ടാക്കി കഴിക്കാൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണല്ലോ. എന്നാൽ ചക്കയുടെ സീസൺ കഴിഞ്ഞാൽ ഇത്തരം വിഭവങ്ങളെല്ലാം ഉണ്ടാക്കണമെങ്കിൽ അടുത്ത ചക്ക കാലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരാറുണ്ട്.
അതേസമയം പച്ച ചക്ക കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ചക്ക നല്ല രീതിയിൽ വെട്ടിവൃത്തിയാക്കി എടുത്ത ശേഷം അതിൽ നിന്നും ചുളകൾ എല്ലാം അടർത്തിയെടുക്കുക. ചുളയുടെ പുറത്തുള്ള ചകിണി അകത്തുള്ള കുരു എന്നിവയെല്ലാം പൂർണമായും കളയണം. കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചക്ക തിരഞ്ഞെടുക്കുമ്പോൾ ചെറിയ രീതിയിൽ കേടുള്ള ചക്കച്ചുളകൾ ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.
വൃത്തിയാക്കിയെടുത്ത ചക്ക ചുളകൾ വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അത് ഒരു പാത്രത്തിലേക്ക് ഇട്ട് അല്പം ഉപ്പു കൂടി ഇട്ടശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു വലിയ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അത് ചെറുതായി തിളച്ചു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച ചക്കച്ചുളകൾ അതിലേക്ക് ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. ശേഷം ചുളയിൽ നിന്നും വെള്ളം വാർന്നു കിട്ടാനായി വെയിലത്ത് നല്ല വൃത്തിയുള്ള ഒരു തുണി വിരിച്ച് ഉണക്കിയെടുക്കുക. ചുളയിൽ നിന്നും വെള്ളം പൂർണ്ണമായും വാർന്ന് പോയി കഴിഞ്ഞാൽ അത് ഒരു സിപ്പ് ലോക്ക് കവറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.
ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമാണ് ചുളകൾ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇത്തരത്തിൽ ചെയ്യേണ്ട ആവശ്യമില്ല. പകരം ചുള നല്ല രീതിയിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത ശേഷം ഒരു സിപ്പ് ലോക്ക് കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈ രണ്ട് രീതികളിൽ സൂക്ഷിച്ച് വെച്ച ചക്ക ചുളയും ഉപയോഗിക്കുന്നതിന് മുൻപായി അല്പനേരം ഇഡലി തട്ടിൽ വച്ച് ആവി കയറ്റി എടുത്ത ശേഷം ഉപയോഗിക്കണം. എന്നാൽ മാത്രമേ ചുളയുടെ ബലം പോയി നല്ല രുചിയോടു കൂടി ഉപയോഗിക്കാനായി സാധിക്കുകയുള്ളൂ. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.