Perfect Idli Batter Recipe : നമ്മുടെയെല്ലാം പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നാണല്ലോ ഇഡലി. എന്നാൽ സ്ഥിരമായി ഇഡലി ഉണ്ടാക്കുന്ന വീടുകളിൽ പോലും ചിലപ്പോഴെങ്കിലും ഉദ്ദേശിച്ച രീതിയിൽ ഇഡലിക്ക് സോഫ്റ്റ്നസ് ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. നല്ല പൂ പോലുള്ള സോഫ്റ്റ് ഇഡലി ലഭിക്കാനായി ബാറ്റർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ഇഡലി തയ്യാറാക്കാനായി ഉപയോഗിക്കുന്ന അരിയുടെ ക്വാളിറ്റി, അളവ് എന്നിവയിലെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ ഒരു പരിധി വരെ നല്ല സോഫ്റ്റ് ഇഡലി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് നാല് കപ്പ് അളവിൽ ഇഡലി അരിയിട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അരി കഴുകുമ്പോൾ ഉണ്ടാകുന്ന വെള്ളനിറത്തിലുള്ള ഭാഗം പൂർണമായും പോയി ക്ലിയർ ആകുന്നത് വരെ കഴുകിയെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.
ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് അരി കുതിർത്താനായി അടച്ചു വയ്ക്കാം. ശേഷം അരിയെടുത്ത അതേ ഗ്ലാസിന്റെ അളവിൽ ഒരു കപ്പ് അളവിൽ ഉഴുന്നുകൂടി കഴുകി വൃത്തിയാക്കി കുതിരാനായി ഒരു പാത്രത്തിൽ ഇട്ടു വയ്ക്കുക. മറ്റൊരു പാത്രത്തിൽ കാൽകപ്പ് അളവിൽ ചൊവ്വരി കഴുകി വൃത്തിയാക്കിയത് ആവശ്യത്തിന് വെള്ളം ചേർത്ത് അടച്ചു വയ്ക്കുക. ഈ ചേരുവകളെല്ലാം കുറഞ്ഞത് നാലു മണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം മിക്സിയുടെ ജാറിലേക്ക് കുതിരാനായി വച്ച ഉഴുന്നിന്റെ വെള്ളം കളഞ്ഞശേഷം ഇട്ടുകൊടുക്കുക. അരയാനാവശ്യമായ വെള്ളം കൂടി ഉഴുന്നിലേക്ക് ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം അതേ ജാറിൽ തന്നെ ചൊവ്വരി അരച്ചെടുക്കാവുന്നതാണ്. അവസാനമായി കുതിർത്താനായി ഇട്ട അരി കൂടി രണ്ടു തവണയായി അരച്ചെടുക്കുക. എല്ലാ ചേരുവകളും മാവിലേക്ക് ചേർത്ത ശേഷം കൈ ഉപയോഗിച്ച് കുറഞ്ഞത് 10 മിനിറ്റ് നേരമെങ്കിലും മാവ് മിക്സ് ചെയ്ത് എടുക്കുക. ആവശ്യത്തിന് ഉപ്പു കൂടി ഈയൊരു സമയത്ത് ചേർത്തു കൊടുക്കണം. ശേഷം മാവ് ഫെർമെന്റ് ചെയ്യാനായി കുറഞ്ഞത് 8 മണിക്കൂറ് നേരം വെക്കേണ്ടതുണ്ട്. പിന്നീട് ഇഡലി പാത്രത്തിൽ വെള്ളം ആവി കയറ്റാനായി വെച്ച ശേഷം ഇഡ്ഡലിത്തട്ടിൽ മാവ് ഒഴിച്ച് ചെറിയ ചൂടിൽ ആവി കയറ്റി എടുത്താൽ നല്ല പൂ പോലുള്ള ഇഡലി ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.