Perfect Idli Recipe Using Rice Flour : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളായിരിക്കും ദോശയും ഇഡ്ഡലിയും. മാവ് അരച്ചുവച്ചാൽ ഇവ ഉണ്ടാക്കിയെടുക്കാൻ അധിക സമയം ആവശ്യമല്ല എങ്കിലും അരി കുതിർത്താനായി മറക്കുന്നത് മിക്ക വീടുകളിലും സംഭവിക്കുന്ന കാര്യമായിരിക്കും. എന്നാൽ അരി കുതിർത്തിയെടുത്ത് മാവ് തയ്യാറാക്കി ഉപയോഗിക്കുന്ന അതേ രീതിയിൽ തന്നെ അരിപ്പൊടി ഉപയോഗിച്ചും എങ്ങനെ മാവ് തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
അതിനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഉഴുന്നെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു മണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മൂന്ന് കപ്പ് അളവിൽ ഒട്ടും തരിയില്ലാത്ത അരിപ്പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് കുറേശ്ശെ വെള്ളം ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞശേഷം കുതിരാനായി വെച്ച ഉഴുന്ന് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ശേഷം അതേ ജാറിലേക്ക് മുക്കാൽ കപ്പ് അളവിൽ ചോറും കൂടി ചേർത്ത് അരച്ചെടുക്കണം. ഈയൊരു സമയം കൊണ്ട് അരിപ്പൊടി വെള്ളത്തിൽ കിടന്ന് നല്ലതുപോലെ സെറ്റ് ആയിട്ടുണ്ടാകും. ശേഷം അരച്ചു വെച്ച ചോറിന്റെ കൂട്ട് അരിപ്പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പിന്നീട് ഉഴുന്ന് അരച്ചത് കൂടി മാവിനോടൊപ്പം ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. സാധാരണ മാവ് ഫെർമെന്റ് ചെയ്യാനായി വയ്ക്കുന്നതുപോലെ എട്ടു മണിക്കൂർ നേരം ഈയൊരു മാവും വയ്ക്കാം.
രാവിലെ ആകുമ്പോൾ മാവിന്റെ കൺസിസ്റ്റൻസി ശരിയാക്കാനായി ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. അതുപോലെ ആവശ്യത്തിന് ഉള്ള ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം ഇഡലിയോ ദോശയോ ആവശ്യാനുസരണം തയ്യാറാക്കി എടുക്കാവുന്നതാണ്. സാധാരണ അരി കുതിർത്തി ഉണ്ടാക്കുന്ന ദോശയുടെയും, ഇഡലിയുടെയും അതേ രുചി തന്നെ ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോഴും ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.