Tasty Mulaku Chamanthi Recipe : എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിഭവസമൃദ്ധമായി തന്നെ എല്ലാദിവസവും കറികളും, തോരനുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വറ്റൽ മുളക് 4 മുതൽ 5 എണ്ണം വരെ, ചെറിയ ഉള്ളി 20 എണ്ണം തോല് കളഞ്ഞു വൃത്തിയാക്കി എടുത്തത്, കറിവേപ്പില ഒരു തണ്ട്, കാന്താരി മുളക് മൂന്നെണ്ണം, വെളുത്തുള്ളിയുടെ അല്ലി രണ്ടെണ്ണം, വെളിച്ചെണ്ണ, ഉപ്പ്, പുളിവെള്ളം, ശർക്കര ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി തുടങ്ങുമ്പോൾ ഉണക്കമുളക് ഇട്ട് വറുത്തെടുത്തു മാറ്റി വയ്ക്കുക. ശേഷം ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഒന്ന് എണ്ണയിലിട്ട് വഴറ്റി മാറ്റി വയ്ക്കാവുന്നതാണ്. ഇവയുടെ എല്ലാം ചൂട് മാറി തുടങ്ങുമ്പോൾ ഒരു ഇടികല്ലെടുത്ത് അതിലേക്ക് ഉണക്കമുളകും ഉള്ളിയും ഇട്ട് നല്ല രീതിയിൽ ചതച്ചെടുക്കുക. അത് എടുത്തു മാറ്റിയശേഷം അതേ കല്ലിലേക്ക് കറിവേപ്പിലയും കാന്താരി മുളകും ഇട്ട് ചതച്ചെടുക്കുക.
ചതച്ചെടുത്ത എല്ലാ കൂട്ടുകളും ഒരു പാത്രത്തിലേക്ക് ഇട്ട് ഒന്ന് മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും പുളി വെള്ളവും ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത് എടുക്കണം. അവസാനമായി ശർക്കര ചീകിയത് കൂടി അല്പം ചേർത്ത് മിക്സ് ചെയ്ത ശേഷം ചൂട് ചോറിനൊപ്പം സെർവ് ചെയ്യാവുന്നതാണ്. വളരെ രുചികരമായ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.