Tasty Perfect Velleppam Recipe Tip : വെള്ളയപ്പവും നല്ല മട്ടൺ സ്റ്റ്യൂവും, വെള്ളയപ്പവും വറുത്തരച്ച കോഴിക്കറിയും, വെള്ളയപ്പവും മീൻ മുളകിട്ടതും എന്നുവേണ്ട ഒരുമാതിരിപ്പെട്ട എല്ലാ കറികളുടെ കൂടെയും ഒരു മുറുമുറുപ്പില്ലാതെ യോജിച്ചു പോകുന്ന ഒരു അഡാർ ഐറ്റമാണ് നമ്മുടെ വെള്ളയപ്പം. വെള്ളയപ്പം ശരിയാകുന്നില്ലേ എന്നാൽ ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ. നല്ല പൂപോലെയുള്ള വെള്ളയപ്പം നമുക്കും തയ്യാറാക്കാം….
- പച്ചരി – 3 കപ്പ്
- ചോർ – 3 കപ്പ്
- അവൽ – 2 കപ്പ്
- തേങ്ങ – 1 കപ്പ്
- ദോശ മാവ് – 1/2 കപ്പ്
- യീസ്റ്റ് – 1/2 ടീസ്പൂൺ
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
അപ്പം ഉണ്ടാക്കുന്നതിനായി മൂന്ന് കപ്പ് പച്ചരി എടുക്കാം. പച്ചരി കുതിർത്തെടുക്കുന്നതിന് മുമ്പായി നാലഞ്ചു തവണ നന്നായി കഴുകിയെടുക്കണം. കഴുകിയെടുത്തതിന് ശേഷം കുതിർത്ത് വെക്കാനായി അത്യാവശ്യം നല്ല ചൂടുള്ള വെള്ളം എടുക്കാം. ഏകദേശം അഞ്ച് മുതൽ ആറ് മണിക്കൂറോളം കുതിർത്തെടുക്കണം. ശേഷം ഇതിലേക്ക് മൂന്ന് കപ്പ് ചോർ ചേർക്കണം. അല്ലെങ്കിൽ ചോറിനു പകരം അവൽ എടുത്താൽ മതിയാകും. ശേഷം രണ്ട് കപ്പ് അവൽ ഒരു കപ്പ് വെള്ളത്തിൽ കുതിർത്തെടുക്കണം. ഒരു കപ്പ് തേങ്ങയാണ് എടുക്കേണ്ടത്. അപ്പം സോഫ്റ്റ് ആവാൻ ഒന്നെങ്കിൽ ചോർ അല്ലെങ്കിൽ അവൽ ഇവ രണ്ടിൽ ഏതെങ്കിലും ഒന്ന് എടുത്താൽ മതി. ശേഷം ഇവയെല്ലാം നല്ലപോലെ അരച്ചെടുക്കണം.
ഒരു മിക്സിയുടെ ജാർ എടുത്ത് രണ്ട് തവണയായാണ് അരച്ചെടുക്കേണ്ടത്. മിക്സിയുടെ ജാറിലേക്ക് പകുതി അളവിൽ പച്ചരിയും ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് നന്നായി അരഞ്ഞു വരുമ്പോൾ അതിലേക്ക് ഒന്നര കപ്പ് ചോറും അര കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് അരച്ചെടുത്ത മാവ് ഒഴിക്കാം. ബാക്കിയുള്ള മാവും അത് പോലെ അരച്ചെടുക്കാം. ബാക്കി അരച്ച മാവിന്റെ പകുതി ആദ്യം ഉണ്ടാക്കിയ മാവിലേക്ക് ഒഴിച്ച് കൊടുക്കാം. ബാക്കിയുള്ള മാവിലേക്ക് തേങ്ങ കൂടി ചേർത്ത് കൊടുക്കാം. മാവ് ഫെർമെന്റ് ആവാൻ വേണ്ടി അരക്കപ്പ് ദോശ മാവ് എടുക്കണം. തീരെ പുളിയില്ലാത്ത ദോശ മാവ് എടുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അര ടീസ്പൂൺ യീസ്റ്റ് ചേർത്താലും മതി. തയ്യാറാക്കി വെച്ച മാവിലേക്ക് തേങ്ങയും ദോശ മാവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. ഈ മാവ് ഏകദേശം പന്ത്രണ്ട് മണിക്കൂർ മാറ്റി വെക്കാം. നല്ല സോഫ്റ്റ് വെള്ളയപ്പം ഇനി നിങ്ങളും തയ്യാറാക്കി നോക്കൂ.