Tasty Ulli Mulaku Chammanthi Recipe : ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കഴിക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഒരുപാട് വിഭവങ്ങളെല്ലാം ദിവസവും ചോറിനോടൊപ്പം തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കറികളും മറ്റും ഉണ്ടാക്കാനായി എപ്പോഴും സമയം കിട്ടണമെന്നില്ല.
അത്തരം സാഹചര്യങ്ങളിലെല്ലാം തയ്യാറാക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഒരുപിടി അളവില്‍ ഉണക്കമുളകിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതേ എണ്ണയിലേക്ക് ഒരു ടീസ്പൂൺ അളവിൽ പച്ചമല്ലി കൂടി ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക.
മല്ലിയും ഇതേ രീതിയിൽ വറുത്തു കോരിയെടുത്ത ശേഷം അതേ എണ്ണയിലേക്ക് ഒരുപിടി അളവിൽ ചെറിയ ഉള്ളിയും ഒരു സവാള നീളത്തിൽ അരിഞ്ഞെടുത്തതുമിട്ട് നല്ല രീതിയിൽ വഴറ്റിയെടുക്കണം. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ആ കൂട്ടിന്റെ ചൂട് മാറാനായി മാറ്റിവയ്ക്കാം. എല്ലാ ചേരുവകളുടെയും ചൂട് മാറി തുടങ്ങുമ്പോൾ മിക്സിയുടെ ജാറിലേക്ക് വറുത്തു വെച്ച ഉണക്കമുളകും, മല്ലിയുമിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക.
ശേഷം അതിലേക്ക് ഒരു ഉണ്ട പുളിയും, വഴറ്റി വെച്ച ഉള്ളിയുടെ കൂട്ടും കൂടി ചേർത്ത് നല്ല രീതിയിൽ അടിച്ചെടുക്കുക. അവസാനമായി കാൽ ടീസ്പൂൺ അളവിൽ ശർക്കര പൊടി കൂടി ചേർത്ത് ചമ്മന്തി ഒന്നുകൂടി മിക്സിയുടെ ജാറിലിട്ട് കറക്കി എടുക്കണം. മധുരവും, പുളിയും, ഉപ്പും സമാസമം ചേർന്ന ഈയൊരു ചമ്മന്തി. ചൂട് ചോറിനോടൊപ്പം കഴിക്കാൻ നല്ല രുചിയായിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.